2010 സെപ്റ്റംബർ 1, ബുധനാഴ്‌ച

മക്കളെ ആര് തിരുത്തും?

ശാസനയും ശിക്ഷയും നമ്മുടെ ദേഷ്യവും സംഘര്‍ഷവും പ്രകടിപ്പിക്കാനല്ല, നാമേറ്റവും സ്നേഹിക്കുന്ന മക്കളുടെ നന്മയ്ക്കുവേണ്ടിയാണ്. ഇതോടൊപ്പം സ്നേഹവും കരുതലും അനുഭവിക്കാനും മക്കള്‍ക്ക് അവസരം നല്‍കണം...
ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഭവമാണ്. ഒരു വിദ്യാര്‍ഥി തുടര്‍ച്ചയായി മൂന്നുദിവസം ക്ലാസ്സിലെത്തിയില്ല. ഇതു ശ്രദ്ധിച്ച അധ്യാപിക മറ്റു കുട്ടികളോട് ഇതിനെക്കുറിച്ച് അന്വേഷിച്ചു. അവന്‍ പുറത്തുള്ള ചില യുവാക്കള്‍ക്കൊപ്പം സിനിമകണ്ടും പുകവലിച്ചും മദ്യപിച്ചുമൊക്കെ കറങ്ങി നടക്കുകയാണെന്ന് വിവരം കിട്ടി. വിദ്യാര്‍ഥിയുടെ രക്ഷാകര്‍ത്താവിനെ പിറ്റേന്നുതന്നെ സ്‌കൂളിലേക്ക് വിളിപ്പിച്ചു.
കഴിഞ്ഞ മൂന്നു ദിവസമായി ക്ലാസ്സില്‍ വരാതിരുന്ന മകന്റെ വിശേഷങ്ങള്‍ അധ്യാപിക അച്ഛനോട് വിസ്തരിച്ചു പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു ആ പിതാവില്‍നിന്നുണ്ടായത്.
''ടീച്ചറിതെന്നാ പറയുന്നേ, അവന്‍ അമ്മായിക്ക് സുഖമില്ലാഞ്ഞിട്ട് ആസ്​പത്രിയില്‍ കൂട്ടുനില്‍ക്കുകയായിരുന്നു. പിന്നെ കള്ളുകുടിക്കാനും പുകവലിക്കാനുമൊന്നും എന്റെ മോന്‍ പോകത്തില്ല, വെറുതേ അതുമിതും പറഞ്ഞ് കൊച്ചിന്റെ പേരു ചീത്തയാക്കരുത്'' - ഒരു താക്കീതിന്റെ സ്വരത്തിലായിരുന്നു അയാളുടെ മറുപടി.
പത്തില്‍ ഭേദപ്പെട്ട മാര്‍ക്കുണ്ടായിരുന്ന വിദ്യാര്‍ഥി പ്ലസ് ടുവിന് നീറ്റായി തോറ്റു. രണ്ടാംവട്ടം എഴുതിയിട്ടും കടന്നുകൂടിയില്ല. ഇപ്പോള്‍ ബസ്സില്‍ കിളിയാണ്, കൂട്ടുകാര്‍ക്കൊപ്പം സകലവിധ ആഭാസത്തരങ്ങളും കാട്ടി ജീവിക്കുന്നു. ചുരുങ്ങിയ കാലംകൊണ്ട് നാല് ക്രിമിനല്‍ കേസില്‍ പ്രതിയുമായി.
ആരാണ് അവനെ ഒരു ക്രിമിനലാക്കിയത്? മക്കളുടെ കൊള്ളരുതായ്മകള്‍ക്ക് ഒത്താശ ചെയ്യുന്ന മാതാപിതാക്കളുടെ എണ്ണം കൂടിവരികയാണ്.
മക്കളെ അമിതമായി സ്നേഹിക്കുന്നതുകൊണ്ടാണ് അവരെ ന്യായീകരിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ തയ്യാറാകുന്നത്. ശാസനയും ശിക്ഷയുമൊക്കെ സ്നേഹത്തിന്റെ ഭാഗമാണെന്നു തിരിച്ചറിയാന്‍ പലര്‍ക്കും കഴിയുന്നില്ല. മാത്രമല്ല, മറ്റുള്ളവര്‍ അമിത ലാളനകൊണ്ട് മക്കളെ ചീത്തയാക്കുമ്പോള്‍ 'കൊഞ്ചിച്ച് വഷളാക്കുകയാണ്, ഒടുക്കം അനുഭവിച്ചോളും' എന്ന് താക്കീത് നല്‍കുന്നവര്‍തന്നെ സ്വന്തം കാര്യത്തില്‍ ഇതു മറക്കും.
ഒരു പഴയകഥയാണ്. ഒട്ടേറെ മോഷണങ്ങള്‍ നടത്തുകയും മോഷണശ്രമത്തിനിടെ ഒരാളെ കൊല്ലുകയും ചെയ്ത യുവാവിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. തന്റെ അമ്മയ്ക്ക് ഒരു ഉമ്മ നല്‍കണമെന്നായിരുന്നു അവന്റെ അന്ത്യാഭിലാഷം. ഇതുപ്രകാരം യുവാവിനെ പോലീസുകാര്‍ അമ്മയുടെ പക്കലെത്തിച്ചു. അമ്മയെ കെട്ടിപ്പിടിച്ച അവന്‍ ഞൊടിയിടകൊണ്ട് അവരുടെ ചെവി കടിച്ചെടുത്തു... ചോരയൊലിപ്പിച്ച് കരഞ്ഞുകൊണ്ട് നിന്ന അമ്മയെ ചൂണ്ടി അവന്‍ പറഞ്ഞു. ''ഈ സ്ത്രീയാണ് എന്നെ കള്ളനാക്കിയത്. ആറു വയസ്സുള്ളപ്പോള്‍ അടുത്ത വീട്ടിലെ കോഴിക്കൂട്ടില്‍ നിന്ന് ഞാന്‍ മുട്ട കട്ടെടുക്കുമായിരുന്നു. അന്ന് ഈ തള്ള അത് സന്തോഷത്തോടെ വാങ്ങി എനിക്കത് പുഴുങ്ങിത്തരുമായിരുന്നു... അങ്ങനെ ഒടുക്കം ഞാനീ തൂക്കുമരത്തിലെത്തി....
സത്യത്തില്‍ ആരെയാണ് നാം തൂക്കിലേറ്റേണ്ടത്, മകനെയോ അമ്മയെയോ?
മറ്റു ചിലരുണ്ട്, നിസ്സാര കാര്യങ്ങള്‍ക്കുപോലും മക്കളെ കഠിനമായി ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യും. പക്ഷേ അവരുടെ ജീവിതം ഇതിനെല്ലാം കടകവിരുദ്ധമായിരിക്കും. മദ്യപിച്ച് പിമ്പിരിയായി നടക്കുന്ന അച്ഛന്‍ കള്ളുകുടിച്ചതിന് മകനെ ശാസിക്കാന്‍ അര്‍ഹനാണോ? കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന അമ്മയ്ക്ക് മകളോട് സദാചാരം പ്രസംഗിക്കാന്‍ പറ്റുമോ? മക്കള്‍ക്ക് നല്ല മാതൃക നല്‍കാന്‍ കഴിയാത്ത ഒരു മാതാവിനും പിതാവിനും അവരുടെ മേല്‍ യാതൊരു നിയന്ത്രണത്തിനും അധികാരമില്ല.
മക്കളെ ഭയക്കുന്ന മറ്റൊരു കൂട്ടരുണ്ട്. പലപ്പോഴും ഇവര്‍ക്ക് ഏക സന്താനമാകും ഉണ്ടാകുക. കുട്ടി തെറ്റ് ചെയ്താല്‍ ശാസിക്കാനും ശിക്ഷിക്കാനും പേടി. അവന്‍ നാടുവിട്ടുപോകുമോ അല്ലെങ്കില്‍ കയറെടുത്ത് എന്തെങ്കിലും കടുംകൈ ചെയ്യുമോ? ഇത്തരക്കാര്‍ പലപ്പോഴും അധ്യാപകരെ അഭയംപ്രാപിക്കും. 'അവന്റെ പോക്ക് ശരിയല്ല, മാഷൊന്ന് ഉപദേശിക്കണം, ഞാന്‍ പറഞ്ഞാല്‍ കടന്നുപോകും...'' മക്കള്‍ക്ക് ജന്മം നല്‍കാനും സ്നേഹവും സമ്പത്തും നല്‍കി പരിപാലിക്കാനും കഴിവുള്ളവര്‍ അവരെ നേര്‍വഴിക്കു നയിക്കാന്‍ എന്തിന് മറ്റുള്ളവരെ ചുമതലയേല്പിക്കണം? ഒന്നേയുള്ളെങ്കില്‍ ഉലയ്ക്കക്കടിച്ചു വളര്‍ത്തണം എന്ന പഴഞ്ചൊല്ല് ഒട്ടും പതിരില്ലാത്തതുതന്നെയാണ്.






ശാസനയും ശിക്ഷയും നമ്മുടെ ദേഷ്യവും സംഘര്‍ഷവും പ്രകടിപ്പിക്കാനല്ല, നാമേറ്റവും സ്നേഹിക്കുന്ന മക്കളുടെ നന്മയ്ക്കുവേണ്ടിയാണ്. ഇതോടൊപ്പം സ്നേഹവും കരുതലും അനുഭവിക്കാനും മക്കള്‍ക്ക് അവസരം നല്‍കണം. സ്നേഹം മുഴുവന്‍ അടക്കിവെച്ച് അവരെ തല്ലിവളര്‍ത്തിയാല്‍ ഒടുക്കം കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. അവര്‍ക്കു നല്‍കുന്ന സ്നേഹത്തിന്റെ ബലത്തിലും അവകാശത്തിലുമായിരിക്കണം നാം അവരെ നേര്‍വഴിക്കു നയിക്കേണ്ടത്.






Thanks : മാതൃഭൂമി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ