ഈ വര്‍ഷം പുതിയ വീടുവയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ നിങ്ങള്‍? അല്ലെങ്കില്‍ പുതിയ കാര്‍ വാങ്ങിക്കാന്‍ പ്ലാനുണ്ടോ? ചില തയ്യാറെടുപ്പുകള്‍ നടത്തുന്നത് നന്നായിരിക്കും...
മനസ്സില്‍ സ്വപ്‌നം എപ്പോഴുമുണ്ടായിരിക്കണം. എങ്കില്‍ ആഗ്രഹം യാഥാര്‍ത്ഥ്യമായി നിങ്ങള്‍ക്കടുത്തേക്ക് വരും. വരുന്നതുപോലെ വരട്ടെ എന്നാണ് ആലോചനയെങ്കില്‍ അറിയുക നിങ്ങള്‍ ആഗ്രഹിക്കുന്നതു നേടാനേ ആവില്ല. അല്‍പം ആസൂത്രണം കൂടിയുണ്ടെങ്കില്‍ പുതുവര്‍ഷം വിജയകരമാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.
പുതിയ വര്‍ഷാരംഭത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക വിദഗ്ധര്‍, സാമൂഹ്യശാസ്ത്രജ്ഞര്‍, കരിയര്‍ ഗൈഡന്‍സ് വിദഗ്്ദ്ധര്‍, മനശാസ്ത്ര വിദഗ്ധര്‍, ജീവിത വിജയം കൈവരിച്ചവര്‍ തുടങ്ങി 25 ലേറെപ്പേരോട് 'ഗൃഹലക്ഷ്മി' അഭിപ്രായങ്ങള്‍ തിരക്കി. ഈ വര്‍ഷം എങ്ങനെ വിജയകരമാക്കാം? എങ്ങനെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം? എന്തുതരം ആസൂത്രണങ്ങളാണ് കൈക്കൊള്ളേണ്ടത്? പൊതുവില്‍ എല്ലാവരും തന്നെ സമാനങ്ങളായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമാണ് നല്‍കിയത്.
കഴിഞ്ഞവര്‍ഷത്തെ ഒരു വിജയകഥ നോക്കാം. രണ്ടു ചെറുപ്പക്കാര്‍- രാജീവും ബിനിലും. കൊച്ചിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ തുച്ഛവരുമാനത്തിന് പണിയെടുത്തിരുന്നവരാണ് ഇരുവരും. കൈയില്‍ തുശ്ചമായ തുക മാത്രം. ഈ വര്‍ഷം തുടങ്ങുന്നതിനുമുമ്പായി സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് ഇരുവരും ആഗ്രഹിച്ചു. അതിനുള്ള ശ്രമമായിരുന്നു പിന്നീട്. തങ്ങളുടെ നാട്ടില്‍ ഒരു വലിയ രീതിയിലുള്ള ബേക്കറിയായിരുന്നു ഇരുവരുടെയും മനസ്സില്‍. വളര്‍ന്നുകൊണ്ടിരിക്കുന്ന നാട്ടില്‍ പുതിയ സ്ഥാപനങ്ങള്‍ വരുന്നതും ആളുകളുടെ ജീവിത നിലവാരം ഉയരുന്നതും തിരിച്ചറിഞ്ഞുള്ള ശ്രമമായിരുന്നു അത്. ഇരുവരും ആദ്യം ചെയ്തത് എന്ത് ബിസിനസ് ചെയ്യണം എന്നതില്‍ കൃത്യമായ ധാരണയില്‍ എത്തി. രണ്ടാമത് എത്രത്തോളം സാമ്പത്തികം ആവശ്യമാണെന്ന കണക്ക് കൂട്ടി. പണം എങ്ങനെ സംഘടിപ്പിക്കാം, ആരെയൊക്കെ പങ്കെടുപ്പിക്കാം എന്നു കൃത്യമായി വിലയിരുത്തി. സ്ഥാപനം തുടങ്ങാന്‍ പറ്റിയ സ്ഥലവും അതിനുനല്‍കേണ്ട തുകയും മനസ്സിലാക്കി. വലിയ ഒരു ബേക്കറി ശൃംഖലയുടെ ഫ്രാഞ്ചൈസി എടുക്കുന്നതാണ് മെച്ചമെന്ന് തിരിച്ചറിഞ്ഞു. മനസ്സില്‍ ഉണ്ടായിരുന്നത് നടപ്പാക്കാന്‍ മാത്രമായിരുന്നു ശ്രമം. ഓഗസ്റ്റ് മധ്യത്തില്‍ സ്വപ്‌നം പൂവണിഞ്ഞു. ഇപ്പോള്‍ നല്ല കച്ചവടം. കടംമേടിച്ചതെല്ലാം വീട്ടിയിരിക്കുന്നു.
''അടുത്തവര്‍ഷം ഞങ്ങളുടെ ശ്രമം പുതിയ രണ്ട് ഷോപ്പുകള്‍ കൂടി തുടങ്ങാനാണ്. ഒന്ന് ആലുവയിലും മറ്റൊന്ന് പെരുമ്പാവൂരിലും. രണ്ടിടത്തും കെട്ടിടത്തിന് അഡ്വാന്‍സ് കൊടുത്തിട്ടുണ്ട്. ഒന്ന് മാര്‍ച്ചിലും അടുത്തത് ജൂണിലും തുടങ്ങും''-ബേക്കറിയിലെ തിരക്കിനിടയില്‍ രാജീവ് പറഞ്ഞു.
ബേക്കറി നടത്തിപ്പില്‍ ചെറുപ്പക്കാര്‍ വിജയിച്ചതിന് കാരണം വിദഗ്ധര്‍ നിരത്തി: ഇരുവര്‍ക്കും സ്വപ്‌നമുണ്ടായിരുന്നു, കൃത്യമായ പ്ലാനിംഗ് നടത്തി. (സാധ്യതകളെപ്പറ്റിയുള്ള പഠനം മുതല്‍ സാമ്പത്തിക കാര്യങ്ങള്‍ വരെ), ചിട്ടയായി ചുവടുകള്‍ വച്ചു, സ്ഥിരോത്സാഹം ഉണ്ടായി, സ്വപ്‌നം വിജയിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
വരുമാനം നോക്കി ഫാമിലി ബജറ്റ്
ഇത് വിലക്കയറ്റത്തിന്റെയൂം സാമ്പത്തിക മാന്ദ്യത്തിന്റെയും കാലമാണ്. വരും വര്‍ഷവും വിലക്കയറ്റം തുടരുമെന്ന ധാരണയില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതാവും ഉചിതം.
വരുമാനത്തെപ്പറ്റി കൃത്യമായി ധാരണയുണ്ടായിരിക്കുക.
ഹൃസ്വകാല ലക്ഷ്യങ്ങളും ദീര്‍ഘകാല ലക്ഷ്യങ്ങളും മനസ്സിലാക്കുക
ഹൃസ്വകാല ലക്ഷ്യങ്ങളെ ആദ്യം പരിഗണിക്കുക. പക്ഷേ, ദീര്‍ഘകാല ലക്ഷ്യങ്ങളെ സഹായിക്കുന്ന വിധത്തില്‍ ആസൂത്രണം ചെയ്യുക.
വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഫാമിലി ബജറ്റ് തയ്യാറാക്കുക. ഓരോ മാസവും നിശ്ചിത തുക മിച്ചം കണ്ടെത്താവുന്ന വിധത്തില്‍ വേണം ബജറ്റ് തയ്യാറാക്കാന്‍.
രോഗം, ആശുപത്രി ചെലവ് തുടങ്ങിയ അവിചാരിതമായ ആവശ്യങ്ങള്‍ക്കു പണം നീക്കി വച്ചുകൊണ്ടുവേണം എന്തും ആസൂത്രണം ചെയ്യാന്‍.
ബജറ്റില്‍ ഉള്‍പ്പെടാത്ത അനാവശ്യ ആഡംബരങ്ങളും പാഴ്‌ചെലവുകളും ഒഴിവാക്കുക
പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താന്‍ അന്വേഷണവും ശ്രമവും ഉണ്ടാവണം.
നിങ്ങള്‍ കടക്കാരനാണെങ്കില്‍ ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ കണ്ടെത്തുക. കടത്തില്‍ നിന്ന് മോചനം നേടുന്നതിന് ഊന്നല്‍ നല്‍കുക.
സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍:
വീടു വയ്ക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പിന്നീട് നടത്താം എന്നു കരുതി മാറ്റി വയ്ക്കുന്നത് മണ്ടത്തരമാണ്. കുതിച്ചുയരുന്ന സാധനങ്ങളുടെയും സ്ഥലത്തിന്റെയും വില നിങ്ങളുടെ സ്വപ്‌നത്തെ വരും വര്‍ഷം അപ്രാപ്യമാക്കി മാറ്റാം.
സ്വകാര്യ പണമിടപാടുസ്ഥാപനങ്ങളില്‍ നിന്ന് വായ്പ വാങ്ങുന്നത് കഴിവതും ഒഴിവാക്കുക.
അനാവശ്യ ആഡംബരങ്ങള്‍ക്കു പകരം ഭൂമിയുള്‍പ്പടെയുള്ള വസ്തുവകകളില്‍ പണം നിക്ഷേപിക്കുന്നതാണ് നല്ലത്. വിലയിടിയുന്ന/മൂല്യശോഷണം സംഭവിക്കുന്ന വസ്തുക്കള്‍ക്കായി പണം അധികം മുടക്കുന്നത് ബുദ്ധിയല്ല.
പരസ്യങ്ങള്‍ക്ക് പിന്നാലെ പോകരുത്. എളുപ്പത്തില്‍ ജോലി, വീട്, കാര്‍ എന്നിങ്ങനെയുള്ള പല പരസ്യങ്ങളും നമ്മെ വഴിതെറ്റിക്കും. അല്ലെങ്കില്‍ കടക്കെണിയിലാക്കും. ശ്രദ്ധിച്ചുവേണം പരസ്യങ്ങളില്‍നിന്ന് തെരഞ്ഞെടുപ്പ് നടത്താന്‍.
അഭിരുചിക്കനുസരിച്ച് ജോലി
ആദ്യം സ്വയം അഭിരുചി കണ്ടെത്തുക. കുട്ടികള്‍ക്ക് സ്വയം തങ്ങളുടെ അഭിരുചി കണ്ടെത്താന്‍ അവസരം ഒരുക്കുകയാണ് മാതാപിതാക്കള്‍ വേണ്ടത്. (യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ക്കല്ല, മാതാപിതാക്കള്‍ക്കാണ് പ്ലാനിംഗ് വേണ്ടത് എന്ന് മനശാസ്ത്ര വിദഗ്ധനായ ഡോ.സി.പി. സോമനാഥിനെപ്പോലുള്ളവര്‍ പറയുന്നത്). താല്‍പര്യമില്ലാത്ത പഠനവും കരിയറും തെരഞ്ഞെടുക്കരുത്.
തങ്ങളുടെ സ്വഭാവത്തിനും പ്രകൃതത്തിനും അനുസരിച്ചുള്ള കോഴ്‌സുകള്‍ പഠിക്കുന്നതാണ് നല്ലത്.
ഇടനിലക്കാരും ഏജന്റുമാരും പറയുന്നത് വിശ്വസിക്കാതെ നേരിട്ട് തന്നെ പോയി സ്ഥാപനത്തിനെ പറ്റി തിരക്കി വിശ്വാസ്യത ഉറപ്പിച്ച ശേഷമേ കോഴ്‌സുകള്‍ക്ക് ചേരാവൂ.
രക്ഷിതാക്കള്‍ക്കായി വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍:
പഠനത്തെയും കരിയറിനെയും സംബന്ധിച്ച് നിങ്ങളുടെ താല്‍പര്യങ്ങള്‍ മക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്.
മനസ്സിന് സന്തോഷം കിട്ടുന്ന തൊഴില്‍ മേഖലകള്‍ തിരഞ്ഞെടുക്കാന്‍ മക്കളെ അനുവദിക്കുക.
മക്കളുടെ അഭിരുചി, കഴിവ്, ഇഷ്ടമുള്ള വിഷയങ്ങള്‍ എന്നിവ കണ്ടെത്തിക്കൊണ്ടാവണം പഠനം നിര്‍ദേശിക്കേണ്ടത്. സ്‌കൂള്‍ തലത്തില്‍ നല്ല മാര്‍ക്ക് നേടിയ വിഷയങ്ങള്‍ കൃത്യമായി മനസ്സിലാക്കണം.
മക്കള്‍ക്ക് നിര്‍ദേശിക്കുകയും അല്ലെങ്കില്‍ മക്കള്‍ തിരഞ്ഞെടുത്ത കരിയറുമായി ബന്ധപ്പെട്ട സമഗ്ര അറിവ് മാതാപിതാക്കള്‍ക്കുണ്ടാകണം. അതായത് കോഴ്‌സുകള്‍, തൊഴില്‍ സാധ്യതകള്‍, തൊഴിലിലെ വെല്ലുവിളികള്‍, പഠനകാലാവധി, പഠനചിലവ് തുടങ്ങിയവയെപ്പറ്റിയുള്ള അറിവ്.
തങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കും കഴിവുകളെയും മനസ്സിലാക്കിവേണം മക്കള്‍ക്ക് പഠനകോഴ്‌സുകള്‍ നിര്‍ദേശിക്കാന്‍.
അന്യസംസ്ഥാനങ്ങളിലെ കോഴ്‌സുകള്‍ക്ക് ചേരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സ്ഥാപനത്തിനും കോഴ്‌സുകള്‍ക്കും അംഗീകാരമുണ്ടോ, നാക് അക്രഡിറ്റീഷന്‍ ഉണ്ടോ, പഠിച്ചിറങ്ങിയാല്‍ വിദേശത്തുള്‍പ്പടെ ജോലി സാധ്യതകളുണ്ടോ തുടങ്ങിയ കാര്യങ്ങള്‍.
മുമ്പ് അവിടെ പഠിച്ച വിദ്യാര്‍ത്ഥികള്‍ എന്തു പറയുന്നു. അവര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ടോ, റാങ്കുകള്‍ ലഭിക്കാറുണ്ടോ, ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ നടക്കാറുണ്ടോ. മുമ്പ് റാഗിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍
സ്ഥാപനത്തിലെ ഫീസ് ഘടന എന്താണ്, സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണോ, ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കുമോ, കോഴ്‌സ് പഠിച്ചു തീരുമ്പോള്‍ എത്ര തുക ചെലവാകും, തന്റെ കുടുംബത്തിന് അത് താങ്ങാനുള്ള കഴിവുണ്ടോ തുടങ്ങിയ കാര്യങ്ങള്‍
സ്വന്തം കെട്ടിടമാണോ വിദ്യാഭ്യാസ സ്ഥാപനത്തിന് ഉള്ളത്, സ്വന്തമായി ലാബ്-ലൈബ്രറി സൗകര്യമുണ്ടോ, ഹോസ്റ്റലുകള്‍ ക്യാമ്പസിനുള്ളില്‍ തന്നെയാണോ തുടങ്ങിയ കാര്യങ്ങള്‍.
ക്യാമ്പസ് സ്ഥിതി ചെയ്യുന്നത് എങ്ങനെയുള്ള സ്ഥലത്താണ്, ഗതാഗത സൗകര്യം എത്രത്തോളമുണ്ട് (ട്രെയിന്‍,ബസ് സര്‍വീസുകളെ ആശ്രയിക്കാവുന്ന ദൂരത്താണോ) തുടങ്ങിയ കാര്യങ്ങള്‍
വിദേശപഠനം തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന സര്‍വകാലാശാലയെയും കോഴ്‌സുകളെയും പറ്റി വ്യക്തമായ ധാരണ.
ജോലി-സാമ്പത്തിക സാധ്യതകള്‍
ഉന്നത പഠനത്തിനും ഗവേഷണത്തിനുമുള്ള അവസരങ്ങള്‍
പഠിക്കുന്ന കോഴ്‌സിന് ഇന്ത്യയിലുള്ള അംഗീകാരം
സര്‍വകലാശാല നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍, മറ്റ് ഫൗണ്ടേഷനുകള്‍ നല്‍കുന്ന സാമ്പത്തിക സഹായം എന്നിവയെപ്പറ്റി അറിവ്
വിദ്യാഭ്യാസ വായ്പകളുടെ ലഭ്യത.
കോഴ്‌സിനുവേണ്ടി പോകാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ അന്തരീക്ഷം.
ആരോഗ്യത്തിന് മുന്‍കരുതല്‍
ഓരോ കുടുംബത്തിനും വ്യക്തിക്കും കൃത്യമായ ഹെല്‍ത്ത്പ്ലാനിംഗ് ആവശ്യമാണെന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ ബി. പത്മകുമാറും മനശാസ്ത്ര വിദഗ്ധനായ ഡോ. പി.പി. വിജയിനെപ്പോലുള്ളവരും പറയുന്നത്.
രോഗം എപ്പോള്‍ വേണമെങ്കിലും വരാം. അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. കൃത്യമായ മുന്‍കരുതല്‍ എടുക്കുന്നില്ലെങ്കില്‍ നമ്മുടെ സാമ്പത്തിക പ്ലാനിംഗ് മൊത്തം തെറ്റും. കടക്കെണിയലകപ്പെടുന്നതാവും ഫലം. അല്‍പം മുന്‍കരുതലുണ്ടെങ്കില്‍ ആരോഗ്യതകരാറുകളെയും അസുഖങ്ങളെയും നേരിടാന്‍ ഭയപ്പെടേണ്ടതില്ല.
ഒരു നിശ്ചിത തുക ഓരോ മാസവും ആരോഗ്യകാര്യങ്ങള്‍ക്കായി നീക്കി വെയ്ക്കുക
ആരോഗ്യ ഇന്‍ഷുറസ് എടുക്കുക. പ്രഷര്‍, ഷുഗര്‍ തുടങ്ങിയ തകരാറുള്ളവര്‍ കൃത്യമായ ഇടവേളയില്‍ ഡോക്ടറെ കാണുക.
മരുന്ന് മുടങ്ങാത്ത വിധത്തില്‍ നേരത്തെ ശേഖരിച്ചുവയ്ക്കുക
കൃത്യമായ ആരോഗ്യനിഷ്ഠ ഭക്ഷണ കാര്യത്തില്‍ പാലിക്കുക. രോഗം വരുത്താനിടയുള്ള ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുകയോ, കുറക്കുകയോ ചെയ്യുക.
ദിനചര്യകളില്‍ കൃത്യതയും നിശ്ചിത രീതിയും പാലിക്കുക
വ്യായാമം മുടക്കാതിരിക്കുക.
ദുശ്ശീലങ്ങള്‍ ഒഴിവാക്കുക.
രോഗം പിടിപെടുന്നു എന്നറിയുമ്പോള്‍ തന്നെ ഡോക്ടറെ കാണാന്‍ ശ്രമിക്കുക.
ഉല്ലാസയാത്രകള്‍ നടത്തുക.
നല്ലത് മാത്രം ചിന്തിക്കുക
കുടുംബബന്ധം ഊഷ്മളവും സന്തോഷകരമാക്കുകയുമാണ് ഈ പുതുവര്‍ഷത്തില്‍ ചെയ്യാനാവുന്ന നല്ല കാര്യങ്ങളില്‍ ഒന്ന്. അനാവശ്യ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കിയാല്‍ തന്നെ സന്തോഷകരമായ ജീവിതം സാധ്യമാകും.
മിക്കകുടുംബങ്ങളിലും ബന്ധങ്ങള്‍ തകരാറിലാവാന്‍ കാരണം പങ്കാളിയുടെ ഗുണങ്ങള്‍ കാണാതെ ഏപ്പോഴും അവരുടെ നെഗറ്റീവ് വശങ്ങളെപ്പറ്റി കുറ്റപ്പെടുത്തി സംസാരിക്കുന്നതാണ്.
''വല്ലപ്പോഴും അല്‍പം മദ്യപിക്കുന്ന ഭര്‍ത്താവിനെ ഭാര്യ അതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നു. മറ്റൊരിടത്ത് ഭര്‍ത്താവിനെ സഹപ്രവര്‍ത്തകയുമായോ പെണ്‍സൃഹൃത്തുക്കളുമായോ ചേര്‍ത്ത് കഥകള്‍ മെനഞ്ഞ് ശല്യപ്പെടുത്തുന്നു. രണ്ട് സംഭവങ്ങളിലും സംഭവിക്കാന്‍ സാധ്യതയുള്ളത് ഒന്നുകില്‍ അയാള്‍ മുഴുക്കുടിയിലേക്ക് നീങ്ങും. അല്ലെങ്കില്‍ സഹപ്രവര്‍ത്തകയുമായി അരുതാത്ത ബന്ധത്തിലേക്കോ നീങ്ങും. ഉപബോധ മനസ്സ് അങ്ങനെയേ മനുഷ്യരെ നയിക്കൂ''- ഡോ. വിജയന്‍ പറയുന്നു.
പങ്കാളിയുടെ നല്ല ഗുണങ്ങളെപ്പറ്റി പറയുകയും ഇടയ്ക്ക് അതില്‍ പ്രശംസിക്കുകയും ചെയ്താല്‍ തന്നെ ജീവിത സാഹചര്യം മാറും. കുടുംബവിജയം ഉള്ളൊരാള്‍ക്കേ ജീവിത വിജയവും സാധ്യമാക്കാനാവൂ എന്ന സത്യമാണ് പൊതുവില്‍ മനശാസ്ത്ര വിദഗ്ധരും സാമൂഹ്യശാസ്ത്രജ്ഞരും മുന്നോട്ടു വച്ചത്.
ആത്മവിശ്വാസം മനസില്‍ ഉറപ്പിക്കുക
പരാജയങ്ങളെയും തിരിച്ചടികളെയും മറികടക്കുന്നതിന് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍:
പരാജയങ്ങള്‍ നമ്മളുടെ തന്നെ വീഴ്ചകളില്‍ നിന്നാണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയുക.
മനസ്സ് ആദ്യം ശാന്തമാക്കുക. ഒരു പരാജയവും ശാശ്വത മല്ലെന്നുള്ള ബോധ്യമാണ് ഉള്ളില്‍വേണ്ടത്.
ആത്മവിശ്വാസം മനസില്‍ ഉറപ്പിക്കുക. ശുഭാപ്തി വിശ്വാസമുണ്ടായിരിക്കണം.
വലിയ വിജയങ്ങള്‍ കൈവരിച്ചവരെല്ലാം നൂറുകണക്കിന് പരാജയങ്ങളിലൂടെയും തിരിച്ചടികളിലൂടെയുമാണ് കടന്നുവന്നത് എന്നത് മനസിലുണ്ടാവണം.
പരാജയത്തെയും തിരിച്ചടിയെയും ശാസ്ത്രീയമായി വിശകലനം ചെയ്യുക. എന്തുകൊണ്ട് തിരിച്ചടികള്‍ സംഭവിച്ചു എന്ന് കൃത്യമായി വിലയിരുത്തുക. പ്രാവീണ്യമുള്ളവരുടെ ഉപദേശങ്ങളും സ്വീകരിക്കാവുന്നതാണ്.
തനിക്കെങ്ങനെ പരാജയത്തെ മറികടക്കാം എന്ന് ശാന്തമായി ചിന്തിക്കുക.
ചെറുതും കൈയിലൊതുങ്ങുന്നതുമായ നീക്കങ്ങള്‍ നടത്തുക. മിക്കപ്പോഴും താല്‍ക്കാലിക പരാജയമേല്‍ക്കുമ്പോള്‍ മനസ്സ് അസ്വസ്ഥമായതുകൊണ്ട് തന്നെ തെറ്റായ ചുവടുകളും വലിയ റിസ്‌കുകളും ഏറ്റെടുക്കും. അത് അപകടമാണ്.
ചെറിയ ചുവടുകള്‍ കൃത്യമാണെന്നും വിജയത്തിലേക്കാണ് നീങ്ങുന്നത് എന്നും ഉറപ്പായ ശേഷം മാത്രം വലിയ ചുവടുകള്‍ വയ്ക്കുക.
മനസില്‍ വിജയം മാത്രം സ്വപ്‌നം കാണുക. കഴിഞ്ഞ കാല പരാജയത്തില്‍ മനസ് ഒട്ടും കേന്ദ്രീകരിക്കരുത്.
തിരിച്ചടി കാലത്ത് യഥാര്‍ത്ഥ മിത്രങ്ങളെ കണ്ടെത്തുക പ്രധാനമാണ്.
കടപ്പാട് : മാതൃഭൂമി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ